Headlines

നിമിഷപ്രിയയുടെ മോചനം; സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. ചില സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടതായും കേന്ദ്ര സർക്കാർ അറിയിച്ചു. ചർച്ചകളിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ പങ്കിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് ധാരണ ഇല്ലെന്നും വക്താവ് രൺധീർ ജെയ്സ്വാൾ.

നിമിഷപ്രിയ വിഷയം അതീവ ഗൗരവസ്വഭാവമുള്ള വിഷയമാണ്, കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിമിഷയുടെ കുടുംബത്തിന് നിയമസഹായം നൽകുകയും അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതിവായി കോൺസുലാർ സന്ദർശനങ്ങൾ നടത്തുകയും, പ്രാദേശിക ഭരണകൂടവുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്യന്നുണ്ടെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ കൂട്ടിച്ചേർത്തു.

നിമിഷ പ്രിയയുടെ കുടുംബത്തിന് കൊല്ലപ്പെട്ട തലാൽ അബ്ദു മഹദിയുടെ കുടുംബവുമായി സമവായത്തിൽ എത്താൻ കൂടുതൽ സമയം തേടുന്നതിനായി, വധശിക്ഷ മാറ്റിവെക്കാൻ നടത്തിയ കൂട്ടായ ശ്രമങ്ങളിൽ സർക്കാറും ഭാഗമായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, ചില സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും
രൺ ധീർ ജെയ്സ്വാൾ.

ചർച്ചകളിൽ കാന്തപുരം എ പി അബൂബക്കർ. മുസ്ല്യാരുടെ പങ്കിനെ സംബന്ധിച്ച് ധാരണ ഇല്ലെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. വിഷയത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച്, സ്ഥിതി വിവര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു.