Headlines

താഴ്ന്നുകിടന്ന ലൈന്‍ മാറ്റണമെന്ന നിര്‍ദേശം KSEB അവഗണിച്ചു; മിഥുന്റെ ജീവനെടുത്തത് കടുത്ത അനാസ്ഥ

എട്ടാം ക്ലാസുകാരന്റെ മരണത്തിന് ഇടയാക്കിയ ദുരന്തം നടക്കുന്നതിന് ഏറെ മുമ്പ് തന്നെ വൈദ്യുതി ലൈനിന്റെ അപകടാവസ്ഥ കെഎസ്ഇബിയെ അറിയിച്ചിരുന്നതായി കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ അധികൃതര്‍. വൈദ്യുതി ലൈനിനെക്കുറിച്ച് നാട്ടുകാര്‍ ഉള്‍പ്പെടെ സ്‌കൂള്‍ അധികൃതരോട് ആശങ്ക പ്രകടിപ്പിച്ചിട്ടും കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈയൊഴിയുകയായിരുന്നു. കഴിഞ്ഞ മെയ് മാസം തന്നെ വൈദ്യുതി ലൈനിന്റെ അപകടാവസ്ഥ കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നും ലൈന്‍ മാറ്റാനുള്ള യാതൊരു നടപടിയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു

താഴ്ന്നുകിടന്ന ലൈന്‍ മാറ്റണമെന്ന നിര്‍ദേശം കെഎസ്ഇബി അഗണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വ്യാപക ആക്ഷേപം ഉയരുന്നുണ്ട്. അധ്യയനം തുടങ്ങും മുമ്പ് സ്‌കൂളിന്റെ ഫിറ്റ്‌നസ് പരിശോധനയും പ്രഹസനമായിരുന്നെന്നാണ് വ്യക്തമാകുന്നത്. അലംഭാവമെന്നും കടുത്ത അനാസ്ഥയെന്നും ആര്‍ക്കും ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകുന്ന അപകടമാണ് ഈ വിദ്യാലയത്തിന് മുകളില്‍ താഴ്ന്നുകിടന്നത്. എന്നിട്ടും സ്‌കൂളിലെ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും മാത്രം ഇത് കണ്ടില്ല. കണ്ടെങ്കില്‍ തന്നെ അത് പരിഹരിക്കാന്‍ നടപടിയുമെടുത്തില്ല. സംഭവത്തില്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ദാരുണമായ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതിലൈനില്‍ പിടിച്ചപ്പോഴാണ് അപകടം. വലിയപാടം മിഥുന്‍ഭവനില്‍ മനോജ്-സുജി ദമ്പതികളുടെ മകനാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍. സുജിനാണ് സഹോദരന്‍. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ വൈദ്യുതിവകുപ്പും അന്വേഷണം പ്രഖ്യാപിച്ചു.