Headlines

കല്ലമ്പലത്ത് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേരുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം

തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ്് ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. തൃശൂര്‍ സഹൃദയ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. (tourist bus accident in kallambalam many students injured).കല്ലമ്പലത്തിനടുത്തുള്ള നാവായിക്കുളം യദുക്കാട് ഭാഗത്തുവച്ചാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞത്. 40 കുട്ടികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണ്.നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് ബസിനുള്ളില്‍ കുടുങ്ങിയ പല വിദ്യാര്‍ഥികളേയും പുറത്തെടുത്തത്. ബസ് ബൈപ്പാസിലൂടെ പോകുമ്പോള്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴെ സര്‍വീസ് റോഡിലേക്ക് ബസ് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണോ അപകടമുണ്ടായതെന്നും സംശയിക്കുന്നുണ്ട്.