​ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് BJP

ബിഹാറിൽ ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 18 സ്ഥാനാർത്ഥികളെയാണ് മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇതോടെ ബിജെപി യുടെ 101 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. രാഘോപൂരിൽ തേജസ്വി യാദവിനെതിരെ സതീഷ് കുമാർ യാദവ് സ്ഥാനാർഥി. 20 ശതമാന സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിക്കൊണ്ടുള്ളതാണ് ബിജെപിയുടെ സ്ഥാനാർ‌ഥി പട്ടിക.

ഇതിനിടെ ആർജെഡി നേതാവ് തേജസ്വിയാദവ് നാമനിർദ്ദേശപത്രിക നൽകി. മുൻ മുഖ്യമന്ത്രിമാരായ അച്ഛൻ ലാലുപ്രസാദി യാദവിനും അമ്മ റാബ്രി ദേവിക്കുമൊപ്പം എത്തിയാണ് തേജസ്വി യാദവ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ആർ ജെ ഡി സിറ്റിംഗ് സീറ്റായ രാഘോപൂരിൽ നിന്നാണ് തേജസ്വി യാദവ് ജനവിധി തേടുന്നത്. ആര്‍ജഡിയുടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമഘട്ടത്തിൽ ആണെന്നും നൂറ് ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിന് നേരിടുന്നതെന്നും സംസ്ഥാന അധ്യക്ഷൻ മംഗനി ലാൽ മണ്ഡൽ പറഞ്ഞു.

എൻഡിഎ സീറ്റ് വിഭജനത്തിൽ രാഷ്ട്രീയ ലോക് മോർച്ച നേതാവും രാജ്യസഭാ എംപിയുമായ ഉപേന്ദ്ര കുശ്വാഹ അതൃപ്തി പ്രകടിപ്പിച്ചു. ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എൻഡിഎയിൽ ഒന്നും ശരിയല്ല എന്നായിരുന്നു പ്രതികരണം. ഗുണ്ടാ നേതാവ് മുഹമ്മദ് ഷഹാബുദ്ദീന്റെ മകൻ ഒസാമ ഷഹാനിന് ആർജെഡി സീറ്റ് നൽകിയതായി ബിജെപി ആരോപിച്ചു.