Headlines

‘ഛത്തീസ്ഗഡിലെ രണ്ട് പ്രദേശങ്ങൾ നക്സൽ മുക്തമായി, കീഴടങ്ങാൻ തയ്യാറുള്ള നക്സലുകളെ സ്വാഗതം ചെയ്യുന്നു’: അമിത് ഷാ

ഛത്തീസ്ഗഡിലെ രണ്ട് പ്രദേശങ്ങൾ നക്സൽ മുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എക്‌സിൽ ആണ് അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്. അബുജ്മർ, നോർത്ത് ബസ്തർ എന്നി പ്രദേശങ്ങൾ ആണ് നക്സൽ മുക്തമായി പ്രഖ്യാപിച്ചത്. കീഴടങ്ങാൻ തയ്യാറുള്ള നക്സലുകളെ സ്വാഗതം ചെയ്യുന്നു. മറ്റുള്ളവർ സുരക്ഷാ സേനയുടെ കോപം നേരിടേണ്ടിവരും. ഛത്തീസ്ഗഡിൽ 170 നക്സലൈറ്റുകൾ കീഴടങ്ങിയതായും അമിത് ഷാ വ്യക്തമാക്കി.

കീഴടങ്ങാൻ തയ്യാറുള്ളവരെ സ്വാഗതം ചെയ്യുന്നു, എന്നാൽ തോക്കുകൾ ഉപയോഗിക്കുന്നത് തുടരുന്നവർക്ക് സുരക്ഷാ സേനയുടെ ആക്രമണം നേരിടേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ 61 പേരും ഛത്തീസ്ഗഡിൽ 170 നക്സലൈറ്റുകളും കീഴടങ്ങിയതായും ഷാ പ്രഖ്യാപിച്ചു.

ഒരുകാലത്ത് ഭീകര താവളങ്ങളായിരുന്ന ഛത്തീസ്ഗഢിലെ അബുജ്മറും നോർത്ത് ബസ്തറും ഇന്ന് നക്സൽ ഭീകരതയിൽ നിന്ന് മുക്തമായി പ്രഖ്യാപിക്കപ്പെട്ടത് വളരെയധികം സന്തോഷകരമാണ്. ഇപ്പോൾ സൗത്ത് ബസ്തറിൽ നക്സലിസത്തിന്റെ ഒരു അംശം നിലനിൽക്കുന്നു, അത് നമ്മുടെ സുരക്ഷാ സേന ഉടൻ തന്നെ തുടച്ചുനീക്കുമെന്നും അമിത് ഷാ എക്‌സിൽ കുറിച്ചു.

ഇന്ത്യൻ ഭരണഘടനയിലുള്ള വിശ്വാസം അർപ്പിച്ചുകൊണ്ട് അക്രമം ഉപേക്ഷിക്കാനുള്ള അവരുടെ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നിരന്തരമായ ശ്രമങ്ങൾ മൂലം നക്സലിസം തുടച്ച് നീക്കുന്നു എന്ന വസ്തുതയ്ക്ക് ഇത് തെളിവാണ് ഇതെന്ന് അമിത് ഷാ വ്യക്തമാക്കി.

നക്സലിസത്തിന്റെ പാതയിൽ ഇപ്പോഴും തുടരുന്നവരോട് ആയുധങ്ങൾ താഴെവെച്ച് മുഖ്യധാരയിൽ ചേരാൻ ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു. 2026 മാർച്ച് 31 ന് മുമ്പ് നക്സലിസത്തെ വേരോടെ പിഴുതെറിയാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം, 2024 ജനുവരി മുതൽ 2100 നക്സലൈറ്റുകൾ കീഴടങ്ങുകയും 1785 പേരെ അറസ്റ്റ് ചെയ്യുകയും 477 പേരെ ഇല്ലാതാക്കുകയും ചെയ്തുവെന്ന് ഷാ പറഞ്ഞു. 2026 മാർച്ച് 31 ന് മുമ്പ് നക്സലിസത്തെ ഇല്ലാതാക്കാനുള്ള ഞങ്ങളുടെ തീവ്രമായ ദൃഢനിശ്ചയത്തെ ഈ സംഖ്യകൾ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.