Headlines

സുരക്ഷാ ഭീഷണി; ലണ്ടനിലെ വിജയിന്റെ പരിപാടി അവസാന നിമിഷം റദ്ദാക്കി: നിരാശയിൽ ആരാധകർ

ലണ്ടൻ∙ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ ലണ്ടനിലെ പരിപാടി റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഇയരമുള്ള കെട്ടിടമായ ദ് ഷാർദിലാണ് വിജയ് ആരാധകരെ കാണാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളെത്തുടർന്ന് അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നു എന്നാണ് വിവരം. മെട്രോപൊളിറ്റൻ പൊലീസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
പൊതു സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കളെ തുടർന്ന് പരിപാടി റദ്ദാക്കുകയാണെന്ന് വിജയിന്റെ സംഘം ലൗഡ് സ്പീക്കറിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. വിജയിനെ കാണാനായി നൂറുകണക്കിന് ആരാധകരാണ് ഷാർദിനു സമീപം തടിച്ചുകൂടിയിരുന്നത്. ഇവർ മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് പരിപാടി റദ്ദാക്കിയെന്ന അറിയിപ്പു ലഭിച്ചത്. ഇതോടെ ഇവർ നിരാശരായി മടങ്ങി.
തമിഴ്നാടിനായി വിദേശ നിക്ഷേപം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് വിജയ് ലണ്ടനിലെത്തിയത്. സന്ദർശനത്തിനിടെ 12,300 കോടി രൂപയുടെ കരാറുകൾ സംഘം ഒപ്പിട്ടെന്നാണ് വിവരം. തമിഴ്നാട്ടിനെ ഏഷ്യയിലെ തന്നെ പ്രധാന ഉൽപാദന, സാങ്കേതികവിദ്യ ഹബ്ബാക്കി മാറ്റാനും 9,400 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള കരാറുകളാണ് ഒപ്പുവച്ചതെന്ന് അധികൃതർ പറയുന്നു. സന്ദർശനം പൂർത്തിയാക്കി ഇന്നാണ് വിജയ് ഇന്ത്യയിലേക്ക് മടങ്ങുന്നത്.