വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പ്രളയം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേർ മരിച്ചതായി റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് അഞ്ച് രക്ഷാപ്രവർത്തകർ മരിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
മൂന്ന് ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്. മേഘവിസ്ഫോടനത്തെ തുടർന്നാണ് പ്രളയമുണ്ടായതെന്നാണ് വിവരം. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഏകദേശം രണ്ടായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പാക് സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. എന്നാൽ മോശം കാലാവസ്ഥയും ദുർഘടമായ പ്രദേശങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.