Headlines

പഴകിയ ഭക്ഷണം പിടികൂടി; തിരുവനന്തപുരത്ത് 5 ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം, എറണാകുളത്തും വ്യാപക പരിശോധന

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയതിന് പിന്നാലെ അഞ്ച് ഹോട്ടലുകള്‍ക്ക് പൂട്ടാന്‍ നിര്‍ദേശം. വിളപ്പില്‍ശാല പഞ്ചായത്ത് പരിധിയിലാണ് സംഭവം. പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടിയത്. ഹോട്ടല്‍ ശശീന്ദ്ര, ഹോട്ടല്‍ ശോഭിക, എംആര്‍എ ബേക്കറി, ഉമ്മച്ചീസ് ഹോട്ടല്‍ എന്നീ ഹോട്ടലുകള്‍ക്കാണ് സ്‌റ്റോപ്പ് മെമ്മോ കൊടുത്തത്. ലൈസന്‍സ് പുതുക്കാത്ത കടകളും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെയും പരിശോധനയില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ അധികൃതര്‍ പിഴ ഈടാക്കിയിട്ടുണ്ട്.

 

എറണാകുളത്തും ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന ഉണ്ടായി. സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് പരിശോധന ഉണ്ടായത്. ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റും പൊലീസും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തട്ടുകടകളിലും ഹോട്ടലുകളിലും വ്യാപക പരിശോധനയാണ് നടക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന.