കേരളത്തിൽ കൊവിഡ് ഭേദമായ ഏഴ് പേർക്ക് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ബ്‌ളാക് ഫംഗസ് ബാധ കേരളത്തിലും റിപോർട്ട് ചെയ്തു. ഏഴുപേരിൽ മ്യൂക്കോർമൈക്കോസിസ് റിപോർട്ട് ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. രോഗം ബാധിച്ചവരിൽ മൂന്ന് പേ‌ർ തമിഴ്‌നാട്ടിൽ നിന്നെത്തിയതാണ്. നേരത്തെ മഹാരാഷ്ട്ര ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ രോഗം റിപോർട്ട് ചെയ്തിരുന്നു.

കൊവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു. വായുവിലൊക്കെ കാണപ്പെടുന്ന മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണം.

ഈ രോഗം തലച്ചോറിനെ ബാധിച്ചാൽ മരണത്തിന് കാരണമാകുന്നു. ബ്ലാക് ഫംഗസ് അന്ധതയ്ക്കും കാരണമാകാറുണ്ട്. കണ്ണുവേദന, മുഖത്തുണ്ടാകുന്ന വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.