Headlines

പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ കച്ചവടം; കോഴിക്കോട് ഒരാള്‍ പിടിയില്‍

കോഴിക്കോട് പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ കച്ചവടം നടത്തിയയാള്‍ പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാനെ ടൗണ്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ വീട്ടില്‍ പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കുന്നതാണ് കെ ടി അഫാന്റെ ജോലി. ഇതിന്റെ മറവിലാണ് എംഡിഎം എ വില്പനയും. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ടൗണ്‍ പൊലീസും ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയില്‍ 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

പൊറോട്ട വില്‍പന തകൃതിയായി നടക്കുന്നതും യുവാക്കള്‍ സ്ഥിരമായി വരുന്നതും ശ്രദ്ധയില്‍പ്പെട്ട ചിലര്‍, സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായത്. പ്രതിക്ക് എംഡിഎംഎ എത്തിച്ച് നല്‍കുന്നവരെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.