Headlines

ന്യൂഇയർ സമയത്തെ സിപിഒയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് ഇടത് ഗ്രൂപ്പുകൾ; കമ്മീഷണർ സിനിമയിലെ സീൻ റീൽസിട്ട് പൊലീസുകാർ

തിരുവനന്തപുരം: ഷോപ്പിംഗ് മാളില്‍ വെച്ച് പൊലീസുകാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം സോഷ്യല്‍ മീഡിയ പോരിലേക്ക്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ സിപിഒ മിഥുന്‍ റോയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി കേസെടുത്തതിലാണ് പൊലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം വര്‍ധിക്കുന്നത്. അതേസമയം, ന്യൂഇയര്‍ പരിപാടിക്കിടെ മിഥുന്‍ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ രംഗത്തുവരുന്നത്.അകാരണമായി ആക്രമിക്കുന്ന പൊലീസിനെ ന്യായീകരിക്കേണ്ടതില്ലെന്ന നിലപാടാണ് പല ഇടത് പേജുകളും പങ്കുവെക്കുന്നത്. മിഥുന്‍ റോയ്‌ക്കെതിരെ വിവിധ സമയങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികളും വിവാദങ്ങളും ഇടത് പേജുകള്‍ ഇപ്പോള്‍ കുത്തിപ്പൊക്കുന്നുണ്ട്. യൂണിഫോം അഴിച്ചുവെച്ചാല്‍ മേല് നൊന്തവന്‍ തെരുവില്‍ കൈകാര്യം ചെയ്യുന്ന കാലം ആഗതമായെന്നാണ് അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.കമ്മീഷണര്‍ സിനിമയിലെ രംഗം റീല്‍സായും സ്റ്റാറ്റസിലും പങ്കുവെച്ചുകൊണ്ടാണ് പൊലീസുകാരില്‍ പലരും പ്രതിഷേധം അറിയിക്കുന്നത്. താഴ്ന്ന നിലയിലുള്ള പൊലീസുകാര അധികാരമുള്ളവര്‍ ആക്രമിച്ചാലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നോവില്ലെന്ന് സുരേഷ് ഗോപിയുടെ നായക കഥാപാത്രം പറയുന്ന പ്രശസ്തമായ രംഗമാണ് ഇവര്‍ പങ്കുവെക്കുന്നത്. പൊലീസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഈ റീല്‍സ് പങ്കുവെച്ചുള്ള പ്രതിഷേധം നടക്കുന്നുണ്ട്.ശനിയാഴ്ച രാത്രിയാണ് ഇപ്പോള്‍ വിവാദമാകുന്ന സംഭവം നടക്കുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ചായിരുന്നു സംഭവം. മാളിലേക്ക് കുടുംബത്തോടൊപ്പം മിഥുന്‍ എത്തിയപ്പോഴാണ് എസ്എഫ്ഐക്കാരുമായി സംഘര്‍ഷം ഉണ്ടായത്. മാളില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ന്യൂഇയര്‍ പരിപാടിയിലെ സംഭവത്തെ കുറിച്ചും, ‘ഇപ്പോള്‍ പേടിയാണോ അടിക്കണോ’ എന്നിങ്ങനെ മിഥുന് പിന്നാലെ നടന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് എസ്എഫ്ഐക്കാരിലെ ഒരാളും മിഥുനും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ വീഡിയോ പകര്‍ത്തുന്നതും ഈ വീഡിയോയില്‍ കാണാം.ശംഖുമുഖം ബീച്ചിലെ ന്യൂ ഇയര്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ഈ സംഭവത്തിലുള്ള പ്രതികാരമാണ് ശനിയാഴ്ച മാളില്‍ നടന്നത് എന്ന് കരുതപ്പെടുന്നു. ന്യൂ ഇയര്‍ രാത്രിയില്‍ സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐ പ്രവര്‍ത്തകരടക്കം അവിടെ കൂടിയവരെ മര്‍ദിച്ച സംഘത്തില്‍ മിഥുനും ഉണ്ടായിരുന്നു എന്നാണ് വിവരം.ഷോപ്പിംഗ് മാളില്‍ വെച്ച് തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചെന്ന മിഥുന്‍ നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സുജിത്ത്, രേവന്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ പരാതി സ്വീകരിക്കാനും കേസെടുക്കാനും പൊലീസ് ആദ്യം തയ്യാറായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.