Headlines

പി.ജി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതിയായ ഡോ.ആർ.വിനു കസ്റ്റഡിയിൽ, വകുപ്പുതല നടപടി ഉണ്ടാകും

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പി.ജി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോ.ആർ.വിനു പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നെടുമങ്ങാട് ആശുപത്രിയിൽ പരിശീലനത്തിൽ എത്തിയ പി ജി ഡോക്ടറെ സർജനായ വിനു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. വിനുവിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടിയും ഇന്നുണ്ടാകും.

വിനു ഒ പി യിൽ ഡ്യൂട്ടിയിലിരിക്കെ പിജി ഡോക്ടർ ചികിത്സ തേടിയെത്തിയിരുന്നു. വിശദമായ പരിശോധനയ്ക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ആശുപത്രിക്ക് സമീപമുള്ള റൂമിൽ ഉച്ചയ്ക്കുശേഷം എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പിജി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പിജി ഡോക്ടറുടെ പരാതിയിൽ വിനുവിനെതിരെ നെടുമങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ രാത്രി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.