സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. എഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയത്ത് കനത്ത മഴ തുടരുന്നു. ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്യുന്നു. മഴപെയ്ത് വെള്ളം കയറിയതിനെ തുടർന്ന് സിബിഎസ്ഇ കലോത്സവം നിർത്തിവെച്ചു
കോഴിക്കോട് ജില്ലയുടെ മാലയോരമേഖലയിൽ കനത്ത ഇടിയും മഴയും. രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചു. മണശ്ശേരി പന്നൂളി രാജന്റെവീട്ടിലെ വയറിങ് കത്തിനശിച്ചു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. മിന്നലിൽ അടുത്ത വീട്ടിലും നാശനഷ്ടം ഉണ്ടായി. ഒരു തെങ്ങിനും മിന്നൽ ഏറ്റിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 2025 നവംബർ 14 (ഇന്ന്), 17, 18 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഈ മാസം 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.







