Headlines

തമിഴ്‌നാട്ടിലേക്ക് കൃഷ്ണനദിയില്‍ നിന്ന് വെള്ളമെത്തും: ധാരണ ജോസഫ് വിജയ് ചന്ദ്രബാബു നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍

ചെന്നൈ: തമിഴ്‌നാട്ടിലേക്ക് കൃഷ്ണനദിയില്‍ നിന്ന് വെള്ളം നല്‍കാന്‍ ധാരണയായതായി സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും വിജയവാഡയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തെലുഗു ഗംഗ പദ്ധതിയിലൂടെ ചെന്നൈയിലേക്ക് കൂടുതല്‍ കുടിവെള്ളം വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെടുകയായിരുന്നു

മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്യുടെ ആദ്യ അയല്‍സംസ്ഥാന സന്ദര്‍ശനത്തിലാണ് ജലവിഹിതവും നദീസംയോജന പദ്ധതികളും ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളായത്. തെലുങ്കു ഗംഗാ പദ്ധതി പ്രകാരം തമിഴ്‌നാടിന് നല്‍കേണ്ട കൃഷ്ണ നദീജലത്തിന്റെ അളവില്‍ കുറവുണ്ടായതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്. കണക്കുകള്‍ പ്രകാരം, പ്രതിവര്‍ഷം അനുവദിച്ചിട്ടുള്ള 12 ടി.എം.സി വെള്ളത്തില്‍ 2.251 ടി.എം.സി മാത്രമാണ് തമിഴ്‌നാടിന് ലഭിച്ചത്.

ഇതുമൂലം ചെന്നൈ നഗരത്തിലെ ജലസംഭരണികളിലെ ജലശേഖരം 34 ശതമാനമായി കുറഞ്ഞു. ഈ മാസംതന്നെ രണ്ട് ടി.എം.സി. അടി വെള്ളം വിട്ടുതരണമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് ആവശ്യപ്പെട്ടു. അതോടൊപ്പം ഗോദാവരി-കൃഷ്ണ-കാവേരി നദികള്‍ തമ്മില്‍ സംയോജിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തി. നദീജല സംയോജനപദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

എല്‍ നിനോയുടെ ആഘാതത്തെത്തുടര്‍ന്ന് കൃഷ്ണ നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും അതുമൂലം കടുത്ത ജലക്ഷാമം നേരിടുന്നതും ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ചെന്നൈയുടെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നിലവിലെ ധാരണയനുസരിച്ച്, തമിഴ്‌നാട്ടിലെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ 8 ടി.എം.സിയും ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 4 ടി.എം.സിയും വെള്ളം ആന്ധ്രാപ്രദേശ് നല്‍കേണ്ടതുണ്ട്.

തമിഴ്‌നാട് മന്ത്രി ആധവ് അര്‍ജുന, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് വിഷ്ണു റെഡ്ഡി എന്നിവര്‍ വിജയ്ക്കൊപ്പമുണ്ടായിരുന്നു. ആന്ധ്ര ഐ.ടി മന്ത്രിയും നായിഡുവിന്റെ മകനുമായ നരാ ലോകേഷും പങ്കെടുത്തു. ചന്ദ്രബാബു നായിഡുവുമായുള്ള ചര്‍ച്ചയ്ക്കുമുന്‍പ് കനകദുര്‍ഗ അമ്മന്‍ ക്ഷേത്രത്തില്‍ വിജയ് ദര്‍ശനം നടത്തിയിരുന്നു. ആന്ധ്രപ്രദേശ് സന്ദര്‍ശനത്തില്‍ മന്ത്രിമാരായ ആദവ് അര്‍ജുന, എന്‍. ആനന്ദ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.