ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ അസാധാരണ യോഗത്തിലാണ് തീരുമാനമുണ്ടായത്.
മിസൈല്‍ പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ആക്രമണം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്യാനുമായിരുന്നു യോഗം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
കഴിഞ്ഞ മാസം 23നാണ് ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളമായ അല്‍ ഉദൈദിന് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. എയര്‍ ഡിഫന്‍സ് സംവിധാനം ഉപയോഗിച്ച് ഭൂരിഭാഗം മിസൈലുകളും ഖത്തര്‍ നിര്‍വീര്യമാക്കിയിരുന്നു. മിസൈല്‍ തടയലിന്റെ ഭാഗമായി സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താനും അത് ബാധിച്ച പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനുമാണ് യോഗം ചേര്‍ന്നത്. നേരത്തെ സ്വീകരിച്ച താത്കാലിക നടപടികള്‍ യോഗം വിലയിരുത്തി. അമീര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.