തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം സ്പോൺസേർഡ് അനധികൃത നിയമനം നടക്കുന്നുവെന്ന് BJP സംസ്ഥാന സെക്രട്ടറി വി വി രാജേഷ്. ഭരണസമിതി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സിപിഐഎം അംഗങ്ങളെയും അനുഭാവികളെയും കോർപ്പറേഷനിൽ തിരുകി കയറ്റാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചാണ് അനധികൃത നിയമനങ്ങൾക്ക് സിപിഐഎം ശ്രമിക്കുന്നത്. 671 പേരുടെ പട്ടിക എംപ്ലോയ്മെൻ്റിൽ നിന്ന് കോർപ്പറേഷനിൽ അയച്ചുകൊടുത്തു. 403 പേർ അഭിമുഖത്തിനെത്തി. അതിൽ നിന്നും 56 പേരെ തിരഞ്ഞെടുത്തു. 56 പേരെ ആര് അഭിമുഖം നടത്തിയെന്നോ എവിടെ വെച്ച് അഭിമുഖം നടത്തിയെന്നോ വ്യക്തമല്ലെന്നും വി വി രാജേഷ് ചൂണ്ടിക്കാട്ടി.
ആദ്യം ഇറങ്ങിയ പട്ടികയിൽ പേരു മാത്രമേയുള്ളൂ ഫോൺ നമ്പർ ഇല്ല, മേൽവിലാസവുമില്ല. മേൽവിലാസം വെച്ചാൽ രാഷ്ട്രീയ പശ്ചാത്തലം കണ്ടുപിടിക്കാൻ സാധിക്കും. പ്രതിഷേധം നടത്തി മേൽവിലാസം ലഭ്യമാക്കി പരിശോധിച്ചപ്പോൾ അധികവും സിപിഐഎം പ്രവർത്തകരാണുള്ളതെന്നും വി വി രാജേഷ് വ്യക്തമാക്കി.
കഴക്കൂട്ടം വാർഡിലെ നിലവിലെ കൗൺസിലർ കവിത പോലും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അവർ ഉൾപ്പെടുന്ന കൗൺസിലിൽ അവരെ തന്നെ ഇവിടെ ജോലിക്ക് എടുത്തിരിക്കുന്നു. പരിഹാസ്യമായ നടപടി. ബിജെപി ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നു.
ആര്യ രാജേന്ദ്രനെ നേതൃത്വത്തിലുള്ള ഭരണസമിതി വഴിവിട്ട നിയമനങ്ങൾക്ക് ശ്രമം നടത്തുന്നു. രണ്ടര മണിക്ക് ചേരുന്ന കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തും. പട്ടിക റദ്ദാക്കണമെന്ന് ബിജെപിയുടെ ആവശ്യം.ഫൈനാൻസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ വിഷയം കൊണ്ടുവന്നിട്ടില്ല, കമ്മറ്റിയുടെ അനുമതിയുമില്ല.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ കൊണ്ടുവന്നാണ് അനുമതി വാങ്ങിയത്. ശുചീകരണ തൊഴിലാളികൾ എന്ന ലേബലിൽ എടുക്കുകയും സിപിഐഎമ്മിന് വേണ്ടി രാഷ്ട്രീയപ്രവർത്തനം നടത്തുകയും ചെയ്യുന്നതാണ് അവരുടെ പതിവ്. കൗൺസിലിൽ ഈ തീരുമാനം അംഗീകരിക്കാൻ അനുവദിക്കില്ലെന്നും വി വി രാജേഷ് കൂട്ടിച്ചേർത്തു.