Headlines

വാല്‍പ്പാറയില്‍ കാട്ടാനക്കലിയില്‍ മുത്തശ്ശിയും മൂന്ന് വയസുള്ള കുഞ്ഞും മരിച്ചു; ആനയുടെ ആക്രമണം വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറി

തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. വാട്ടര്‍ഫാള്‍ എസ്റ്റേറ്റിന് സമീപത്തുള്ള വീട് തകര്‍ത്തായിരുന്നു കാട്ടാനയുടെ ആക്രമണം.

ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം നടന്നത്. മൂന്ന് വീടുകള്‍ മാത്രമാണ് പ്രദേശത്ത് ആകെയുള്ളത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് ആന വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ആനയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നിരുന്നു. അസല എന്ന സ്ത്രീയേയും കൈയിലിരുന്ന മൂന്ന് വയസുകാരി ഹേമാദ്രിയേയും ആന ആക്രമിച്ചു. ആന തട്ടിയപ്പോള്‍ താഴെ വീണ കുഞ്ഞിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ അസലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

3 മണിക്ക് ശേഷമാണ് ആക്രമണമുണ്ടായതെങ്കിലും പുലര്‍ച്ചെ ആറ് മണിക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിനായി ആളുകള്‍ ഈ വീട്ടിലെത്തിയത്. അസലയെ നാട്ടുകാര്‍ വാല്‍പ്പാറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ പരുക്കുകളോടെ ചികിത്സയിലാണ്.