Headlines

എട്ട് ഭാഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്തു; മാറ്റങ്ങളോടെ ജെഎസ്‌കെ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

വിവാദങ്ങള്‍ക്കും, കോടതി നടപടികള്‍ക്കും പിന്നാലെ , ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് റിലീസ് തിയതി പുറത്തുവിട്ടത്. പുതിയ പതിപ്പിലെ മാറ്റങ്ങള്‍ അംഗീകരിച്ച സെന്‍സര്‍ ബോര്‍ഡ് , ചിത്രത്തിന് ഇന്നലെ പ്രദര്‍ശന അനുമതി നല്‍കിയിരുന്നു.

വിവാദങ്ങള്‍ക്കും ഏറെ അനിശ്ചിതത്വത്തിനും പിന്നാലെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ തന്നെയാണ് റിലീസ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമയ്ക്ക് U/A 16+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ഹൈക്കോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവര്‍ത്തകരെത്തിയത്. ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്നാക്കിയതും കോടതി വിസ്താര രംഗത്തെ എട്ട് ഭാഗങ്ങളില്‍ ജാനകി എന്ന പേര് സിനിമയില്‍ നിന്ന് മ്യൂട്ട് ചെയ്തിട്ടുണ്ട്. രാമായണത്തിലെ സീതയുടെ കഥാപാത്രമായി സാദൃശ്യമുള്ള ജാനകിയെന്ന പേര് പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് ജൂണ്‍ 27 ന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് സംവിധായകന്‍ റിലീസ് തീയതി പങ്കുവെച്ചിരിക്കുന്നത്. നീതിക്കായി കോടതി കയറുന്ന ജാനകിയെ നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ ഞങ്ങളും കോടതി കയറി ഇറങ്ങിയെന്നും സംവിധായകന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.