Headlines

ചെങ്കോട്ട സ്ഫോടനം: ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍, ‘ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി’, ശക്തമായി അപലപിച്ച് മന്ത്രിസഭ

ദില്ലി: ദില്ലിയിൽ നടന്നത് ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍. ചെങ്കോട്ട സ്ഫോടനത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. രണ്ടുമിനിറ്റ് നേരം മൗനം ആചരിച്ചു. ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഏജൻസികളോട് ആഴത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നല്‍കി. ദില്ലിയിലേത് ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി. യുക്തിരഹിതമായ അക്രമ പ്രവൃത്തിയാണ് നടന്നതെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി.

ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെ മന്ത്രിസഭാ ശക്തമായി അപലപിച്ചു. ഭീകരവാദ പ്രവർത്തനങ്ങളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍, ലോകരാജ്യങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചനയിൽ ഭാഗമായവരെയും കണ്ടെത്താൻ ശക്തവും വേഗത്തിലുമുള്ള അന്വേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകി. ഭീകരവാദികളെ സ്പോൺസർ ചെയ്തവരെ അടക്കം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉന്നതതലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട സേനകളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പ്രവർത്തികളെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു.