മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ MLAയെ നാളെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദേശം. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം രാഹുലിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം എടുക്കും. പൊലീസ് റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമായിരിക്കും ജാമ്യ ഹർജി പരിഗണിക്കുക.
ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ് ഐ ടിയുടെ അപേക്ഷ ഉച്ചയ്ക്കുശേഷം പരിഗണിച്ച ശേഷമാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രോഡക്ഷൻ വാറണ്ട് ഇഷ്യു ചെയ്തത്. പത്തനംതിട്ട കോടതിയിൽ നിന്ന് കേസ് സംബന്ധിച്ചുള്ള ഫയൽ രാവിലെ എത്താത്തതിനെ തുടർന്നാണ് ഉച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റിയത്.
അതിനിടെ പരാതിക്കാരിയായ അതിജീവിതയെ രാഹുൽ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നു. ടെലഗ്രാമിലൂടെ ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശം. വിദേശത്തുള്ള അതിജീവിത നാട്ടിൽ വന്നാൽ കുറേ ആളുകളുമായി വീട്ടിൽ വരുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി. എന്തുപറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും രാഹുൽ അതിജീവിതയോട് പറഞ്ഞു. കേസ് കൊടുത്താൽ കോടതിയിൽ വരുമ്പോൾ എന്താകും അവസ്ഥ എന്ന് നിനക്ക് അറിയാമല്ലോ എന്നും രാഹുലിന്റെ ചോദ്യം. ആരെയാണ് പേടിപ്പിക്കുന്നേ. എല്ലാം തീർന്നു നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുകയാണോ എന്നും രാഹുൽ ചോദിച്ചു.
അതിജീവിതയോട് വാർത്താസമ്മേളനം വിളിക്കാനും രാഹുൽ പറഞ്ഞു. തനിക്ക് ചെയ്യാവുന്ന കാര്യം അതിജീവിത താങ്ങില്ലെന്നും രാഹുൽ അയച്ച സന്ദേശത്തിൽ ഉണ്ട്. ഒരാൾ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്ന് കുറ്റസമ്മതം നടത്താൻ ആണ് തന്റെ തീരുമാനമെന്നും രാഹുൽ പറഞ്ഞുവെക്കുന്നു. രാഹുലിനെ അറസ്റ്റ് ചെയ്ത വിവരം രേഖാമൂലം അന്വേഷണസംഘം നിയമസഭാ സ്പീക്കറെ അറിയിച്ചു. റിപ്പോർട്ടിന് അടിസ്ഥാനത്തിൽ രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്ന നടപടികൾ തുടങ്ങിയേക്കും. നിയമപദേശം തേടാനും സർക്കാർ തീരുമാനിച്ചു.







