മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചന്റെ വേർപാടിൽ അനുശോചിച്ച് ഷാഫി പറമ്പിൽ എം പി. സൗമ്യതയെ കരുത്താക്കി മാറ്റിയ നേതാവായിരുന്നു പി.പി. തങ്കച്ചൻ. നേതാക്കൾക്ക് യോജിക്കാനുള്ള ഇടമായിരുന്നു. പ്രവർത്തകരെ ചേർത്തുപിടിച്ച നേതാവായിരുന്നു അദ്ദേഹം. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോയി. പാർട്ടി താൽപര്യത്തിന് പ്രാമുഖ്യം നൽകിയ നേതാവ്. പാർട്ടിയെക്കാൾ വലുതല്ല മറ്റൊന്നും അടിയുറച്ച് വിശ്വസിച്ച നേതാവെന്നും ഷാഫി അനുശോചിച്ചു.
ഇന്ന് വൈകുന്നേരം 4.30നായിരുന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചത്. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 95 വരെ സ്‌പീക്കറായിരുന്നു. 95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്നു.
പിപി തങ്കച്ചൻ എല്ലാവർക്കും ഒരു മാതൃകയായിരുന്നെന്നും നഷ്ടമായത് തന്റെ അടുത്ത സുഹൃത്തിനെയാണെന്നും എ കെ ആന്റണി പറഞ്ഞു. 60 വർഷത്തിലേറെയായി ഞങ്ങൾ തമ്മിൽ അടുപ്പമുണ്ട്. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലം തൊട്ട് ഞങ്ങൾ അടുപ്പമുള്ള സുഹൃത്തുക്കളാണ്. അന്ന് തുടങ്ങിയ ബന്ധം എപ്പോഴും ഞങ്ങൾ സൂക്ഷിച്ചിരുന്നു. മൂന്ന് ആഴ്ചക്ക് മുൻപാണ് ഫോണിലൂടെ ഞങ്ങൾ അവസാനമായി സംസാരിച്ചത്. ആശുപത്രിയിലേക്ക് പോകും മുൻപായിരുന്നു സംസാരം. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്.
കോൺഗ്രസിലെ എല്ലാ ഗ്രൂപ്പുകളും ഒരുപോലെ ആദരിച്ചിരുന്ന നേതാവായിരുന്നു തങ്കച്ചൻ. രാഷ്ട്രീയത്തിലെ മതത്തിലെ നിലപാടുകൾക്കപ്പുറം ഊഷ്മളമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ തങ്കച്ചന് കഴിഞ്ഞിരുന്നു. പ്രശ്നങ്ങൾ വഷളാക്കുന്ന ആളല്ല പ്രശ്നങ്ങൾ പരിഹരിക്കുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിനും ഇന്റർനാഷണൽ കോൺഗ്രസിനും വലിയ നഷ്ടമാണ്. തങ്കച്ചന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും എ കെ ആന്റണി പറഞ്ഞു.