മലയാറ്റൂരെ വിദ്യാര്‍ഥിയുടെ കൊലപാതകം; ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് അലന്‍; കൊലയിലേക്ക് നയിച്ചത് സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കം

മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍ കൊല നടത്തിയതെന്ന് അലന്‍ പൊലീസിനോട് പറഞ്ഞു. സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആറാം തിയതി രാത്രി ഇരുവരും തമ്മില്‍ കണ്ടപ്പോള്‍ ചില സംശയങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും അലന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തര്‍ക്കമുണ്ടായത്. ആ സമയത്ത് അലന്‍ മദ്യലഹരിയിലുമായിരുന്നു. തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് അലന്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയി. വിജനമായ സ്ഥലത്ത് അലന്‍ ബൈക്ക് നിര്‍ത്തുകയും കല്ല് കൊണ്ട് പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കാലടി പൊലീസാണ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബെംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു ചിത്രപ്രിയ. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.