രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ പോകാൻ സർക്കാർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും. ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. എംഎൽഎയെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ്. ജാമ്യം എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഉപാധിയോടെയാണ്.അന്വേഷണവുമായി സഹകരിക്കണമെന്ന് രാഹുലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചതോടെ ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ നാളെ പാലക്കാടെത്തി വോട്ട് ചെയ്തേക്കുമെന്നാണ് സൂചന.

പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു. കരഞ്ഞു കാലു പിടിച്ചിട്ടും രാഹുൽ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഭയം കാരണമാണ് ഇത്രയും നാൾ പുറത്തു പറയാതിരുന്നതെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ബലാത്സംഗ – ഭ്രൂണഹത്യ കേസിൽ ഇതേ കോടതി രാഹുലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.കഴിഞ്ഞമാസം 27 മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്.

അതേസമയം, അതിജീവിതയെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ രാവിലെ 11 മണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണച്ചതിൽ കുറ്റബോധമില്ലെന്നും, താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും, നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം എന്നും രാഹുൽ ഈശ്വർ പറഞ്ഞു.

anticipatory bail | Appeal court | HIGHCOURT | Rahul Mamkootathil