ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് ഉത്തർപ്രദേശിലും ജാഗ്രത നിർദേശം നൽകി. നിരീക്ഷണം ശക്തമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിർദേശം നൽകി. ആരാധനാലയങ്ങൾ, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷ വർധിപ്പിക്കാനും നിർദേശം നൽകി.
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
നിലവിൽ ഒൻപത് പേർ മരിച്ചതായും 21 ഓളം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. എൻഐഎ, എൻഎസ്‌ജി ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് കാരണം സിഎൻജി സിലിണ്ടറാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. 7.30 യോടെ തീ നിയന്ത്രണവിധേയമാക്കി.
ഇന്ന് വൈകിട്ട് 6:55നും 6:56 നും ഇടയിലായിരുന്നു ഡൽഹിയിൽ സ്ഫോടനം നടന്നത്. നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് സ്ഫോടനം നടന്നത്. എട്ട് വാഹനങ്ങൾ സ്ഫോടനത്തിൽ കത്തി നശിച്ചു.
പൊട്ടിത്തെറിച്ച കാറിൽ നിന്ന് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. വലിയ ജനസാന്ദ്രതയുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. ഡൽഹി മെട്രോയുടെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു.







