Headlines

നേപ്പാൾ ആഭ്യന്തര സംഘർഷം; കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിതർ

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്നുവരുന്ന ആഭ്യന്തര സംഘർഷത്തിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ള 12 അംഗ സംഘം സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ. മുളന്തുരുത്തിയിലുള്ള നിർമ്മല കോളേജിലെ 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം കാഠ്മണ്ഡുവിന് സമീപമുള്ള ഒരു ഹോസ്റ്റലിൽ കഴിയുകയാണ്. നിലവിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർക്ക് ഇന്ത്യയിലേക്ക് ഉടൻ തിരികെ എത്താൻ കഴിയില്ല.

അസിസ്റ്റന്റ് പ്രൊഫസറായ ലാലു പി. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം മൂന്നാം തീയതി കാദംബരി മെമ്മോറിയൽ കോളേജിൽ നടന്ന ഇന്റർനാഷണൽ സ്റ്റുഡൻസ് എക്സ്പോയിൽ പങ്കെടുക്കാൻ പോയതായിരുന്നു. സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് പ്രൊഫസർ ലാലു പി. ജോയി സ്ഥിരീകരിച്ചു. കൂടാതെ സംഘർഷാവസ്ഥയുടെ ദൃശ്യങ്ങൾ ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

നേപ്പാളിലെ ആഭ്യന്തര സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനവുമായി നേപ്പാൾ സൈന്യം എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിന് പിന്നാലെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പ്രക്ഷോഭകരോട് സൈന്യം അഭ്യർത്ഥിച്ചു. നേപ്പാളിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി.

എല്ലാ പൗരന്മാരോടും സഹകരണത്തിനായി സൈന്യം ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഇന്നലെ രാത്രി 10 മണിമുതൽ നഗരത്തിൽ സൈന്യത്തെ വിന്യസിച്ചു. നേപ്പാളിനെ ഇളക്കിമറിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി കെ പി ശർമ ഒലിയും പ്രസിഡൻ്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചിരുന്നു. ഇരുവരും സൈന്യത്തിൻ്റെ സുരക്ഷിത കേന്ദ്രത്തിലാണെന്നാണ് റിപ്പോർട്ട്.

ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെ 26 സാമൂഹികമാധ്യമങ്ങൾ നിരോധിച്ച സർക്കാർ നടപടിക്കുമെതിരെ തുടങ്ങിയ യുവാക്കളുടെ പ്രക്ഷോഭം സർക്കാരിൻ്റെ അഴിമതിക്കും ദുർഭരണത്തിനും എതിരായ ബഹുജന പ്രക്ഷോഭമായി മാറുകയായിരുന്നു. സമരം തണുപ്പിക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ഇന്നലെ രാത്രി പിൻവലിച്ചെങ്കിലും പ്രക്ഷോഭത്തിൽ നിന്ന് സമരക്കാർ പിൻമാറിയില്ല. പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ രാജിക്ക് വേണ്ടിയുള്ള പ്രക്ഷോഭം കലാപമായി മാറുകയായിരുന്നു.

‘ജെൻ സീ വിപ്ലവം’ എന്നപേരിൽ ഇന്നലെ ആരംഭിച്ച യുവാക്കളുടെ പ്രക്ഷോഭം സുരക്ഷാസേന അടിച്ചമർത്താൻ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. സംഘർഷത്തിൽ 19 പേർ മരിച്ചിരുന്നു. 347 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.