Headlines

തമിഴകത്ത് ഇനി വിജയ് യുഗം, ഇന്ന് രാവിലെ 10ന് സത്യപ്രതിജ്ഞ; രാഹുൽ ഗാന്ധി പങ്കെടുക്കും

 

തമിഴ്‌നാട്ടിൽ ഇനി വിജയ് യുഗം. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തുമണിക്ക് ജവഹർ ലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. 5000 പേർക്ക് മാത്രമാണ് പ്രവേശനം. രാഹുൽ ഗാന്ധി പങ്കെടുക്കും. വിജയ്ക്ക് ഒപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. 13 നകം വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഇന്നലെ വൈകീട്ട് നാലരയോടെ VCK യും പിന്തുണക്കത്ത് നൽകിയതോടെ ആണ് ദിവസങ്ങളായി നീണ്ടു നിന്ന അനിശ്ചിതത്വത്തിന് അവസാനമായത്.

 

ഇതോടെ കേവല ഭൂരിപക്ഷം TVK ഉറപ്പിച്ചു. പിന്നാലെ മുസ്‌ലിം ലീഗും പിന്തുണക്കത്ത് നൽകിയതോടെ കക്ഷി നില 121 ആയി. വൈകീട്ട് ആറരയോടെ ആണ് വിജയ് ലോക് ഭവനിലെത്തി ഗവർണറെ കണ്ടത്. പിന്തുണ കത്ത് നൽകിയ പാർട്ടി നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. പിന്നാലെ സത്യപ്രതിജ്ഞയ്ക്ക് കളമൊരുങ്ങി. കഴിഞ്ഞ മൂന്ന് തവണ ഗവർണറെ കണ്ടെങ്കിലും കേവല ഭൂരിപക്ഷം ഇല്ലെന്ന കാരണത്താൽ വിജയ് യെ ഗവർണർ മടക്കി അയച്ചിരുന്നു.ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ് ഇന്ന് വിരാമമാകുന്നത്. ഗവർണറുമായി ഒന്നര മണിക്കൂറോളം വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. പടക്കം പൊട്ടിച്ചും ആർപ്പു വിളിച്ചുമാണ് തമിഴകത്ത് വിജയ്‌യുടെ മുഖ്യമന്ത്രിപദം ടിവികെ പ്രവര്‍ത്തകരും ആരാധകരും ആഘോഷമാക്കുന്നത്.