തിരഞ്ഞെടുപ്പ് സര്‍വേ ഫലം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; വോട്ടെടുപ്പ് ദിനം ചട്ട വിരുദ്ധ നടപടിയുമായി ആര്‍ ശ്രീലേഖ; വിമര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി

വോട്ടെടുപ്പ് ദിനത്തില്‍ തിരഞ്ഞെടുപ്പ് ചട്ട വിരുദ്ധ നടപടിയുമായി തിരുവനന്തപുരം കോര്‍പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. തിരഞ്ഞെടുപ്പ് സര്‍വേ ഫലം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ജനഹിതം.. ഇതങ്ങനെയാവട്ടെ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സീഫോര്‍ സര്‍വേ പ്രീ പോള്‍ പ്രവചനം ; തിരുവനന്തപുരം കോര്‍പറേഷന്‍ എന്‍ഡിഎയക്ക് ഒപ്പം എന്നുള്ള സര്‍വേ ഫലം പങ്കുവച്ചത്. ചില ബിജെപി നേതാക്കളും ഇതേ ഫലം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.

ശ്രീലേഖ അവരുടെ ഒരു ആഗ്രഹം പ്രകടിപ്പിച്ചതല്ലേ എന്ന് വി ശിവന്‍കുട്ടി പരിഹസിച്ചു. 60 സീറ്റൊക്കെ ബിജെപിക്ക് കിട്ടുമെന്ന് ശ്രീലേഖയെ പോലൊരാള്‍ പറയുമ്പോള്‍ രാഷ്ട്രീയ രംഗത്തുള്ള അവരുടെ അജ്ഞതയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. ഒരു ധാരണയുമില്ലാതെ ആരോ എഴുതിക്കൊടുത്ത കാര്യം പറഞ്ഞതാണ്. അവരുടെ ആഗ്രഹം ഒരിക്കലും നടക്കാന്‍ പോകുന്നില്ല – അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളുവെന്നൊരു നിയമമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുമാറ്റച്ചട്ട ലംഘനമാണ്. ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം – ശിവന്‍കുട്ടി പറഞ്ഞു.