നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; ‘സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ’

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് അടൂർ പ്രകാശിൻ്റെ പ്രതികരണം ഉണ്ടായത്.

ഉത്തത പൊലീസ് നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത ​ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത് ദിലീപ് തന്നെ പറഞ്ഞിരുന്നു. അത്തരം കാര്യങ്ങളിൽ ഞാനല്ല അഭിപ്രായം പറയേണ്ടത്. സർക്കാർ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. സർക്കാർ അപ്പീൽ പോകുമല്ലോ. സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. ആ സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റുന്നതാണെന്നും അടൂർ പ്രകാശ് പറഞ്ഞു.