നിലമ്പൂരിലേത് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമയുള്ള വിജയമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലമ്പൂരിലെ വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നു. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അദേഹം പറഞ്ഞു. വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു.
അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ചും അടൂർ പ്രകാശ് പ്രതികരിച്ചു. അടച്ച വാതിൽ തുറക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനമെടുക്കും. അൻവറിന്റെ ആരോപണങ്ങൾക്കും മറുപടിയില്ലെന്നും അദേഹം പ്രതികരിച്ചു. രാഷ്ട്രീയത്തിൽ പൂർണമായി അടഞ്ഞ വാതിലുകളില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നത്.
അൻവറിനെ ആരും കൂട്ടാതെ ഇരുന്നതല്ല, കൂടാതെ ഇരുന്നതാണ്. ഇത്രയും വോട്ടുകൾ കിട്ടുന്ന അൻവറിന്റെ സാന്നിധ്യം തള്ളിക്കളയാനാവില്ല. അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യും, അത് താൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. കഴിഞ്ഞ 9 വർഷക്കാലം അദ്ദേഹം അവിടെ എംഎൽഎ ആയിരുന്നു. അതുകൊണ്ടുതന്നെ അൻവർ ഫാക്ടർ അവിടെ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം മുന്നണിയുടെ രാഷ്ട്രീയ ശക്തിയുടെ തെളിവാണെന്ന് കോൺഗ്രസ് വിലയിരുത്തൽ. യു.ഡി.എഫ് ഒറ്റക്ക് നേടിയ വിജയമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്.അൻവർ ഉണ്ടായിരുന്നെങ്കിൽ, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും മുന്നണിക്ക് ലഭിക്കുമായിരുന്നില്ല. ഇപ്പോഴത്തെ വിജയം മുന്നണിയുടെ പ്രചാരണശേഷിയുടെയും സംഘാടന ശേഷിയുടെയും ഫലമാണെന്നാണ് എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

 
                         
                         
                         
                         
                         
                        



