ഡല്ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡല്ഹിയില് നടക്കുന്ന സിജെപി പ്രതിഷേധത്തില് പങ്കെടുക്കാന് സിപിഐഎം. കേന്ദ്ര കമ്മിറ്റി അംഗങ്ങള് പ്രതിഷേധത്തില് പങ്കെടുക്കും. പിണറായി വിജയന് ഉള്പ്പെടെ പ്രതിഷേധത്തില് പങ്കെടുത്തേക്കുമെന്നും സൂചന.
എല്ലാവരോടും ഡല്ഹിയില് എത്താന് സിജെപി സ്ഥാപകന് അഭിജിത് ദീപ്കെ നിര്ദ്ദേശം നല്കി. സിജെപിയുടെ ജന്തര്മന്തര് 2. O സമരത്തെ തടയാന് കര്ശന നിയന്ത്രണങ്ങളിലേക്ക് ഡല്ഹി പൊലീസ് കടന്നു.221 കമ്പനി കേന്ദ്രസേനകളെ ഡല്ഹിയില് വിന്യസിച്ചു. 10 താല്ക്കാലിക തടങ്കല് കേന്ദ്രങ്ങള്, ഡല്ഹിയിലും അതിര്ത്തികളിലും കര്ശന പരിശോധന തുടങ്ങിയ നടപടിയിലേക്ക് പൊലീസ് ഇതിനോടകം കടന്നു. സെന്ട്രല് ഡല്ഹിയിലേക്കുള്ള ആപ്പ് അധിഷ്ഠിത ടാക്സി സെര്വീസുകള് നിയന്ത്രിക്കും. ഡല്ഹിയില് 57 മെട്രോ സ്റ്റേഷനുകളുടെ എന്ട്രി, എക്സിറ്റ് ഗേറ്റുകള് അടക്കും. ഇന്ന് രാത്രി 9 മുതല് നിയന്ത്രണം വരും. നാളെ ഡല്ഹി സ്റ്റേഷനുകളില് എത്തുന്ന ട്രെയിനുകള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തി. ലോക്കല്, എക്സ്പ്രസ് ട്രെയിനുകള് പലതും റദ്ദാക്കും. ഇടത് വിദ്യാര്ത്ഥി യുവജന സംഘടനകളുടെ പല നേതാക്കളെയും പൊലീസ് വീട്ടുതടങ്കലില് ആക്കി.
ഡല്ഹി പൊലീസിന്റെ നടപടിയെ വിമര്ശിച്ച് ഡിവൈഎഫ്ഐയും എസ്എഫ്ഐയും രംഗത്തെത്തി. പൊലീസ് എത്ര നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയാലും പ്രതിഷേധത്തില് നിന്ന് പിന്മാറില്ലെന്ന് സംഘടനകള് അറിയിച്ചു. ഇത് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള യുദ്ധമെന്നും നേതാക്കള് പ്രതികരിച്ചു.ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് ഉണ്ടായ പ്രതിഷേധങ്ങളില് ഇതുവരെ പൊലീസ് രജിസ്റ്റര് ചെയ്തത് 25 എഫ്ഐആറുകള് ആണ്.









