Headlines

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമിയിൽ തരം മാറ്റം എന്ന് കണ്ടെത്തൽ; കേസെടുക്കാനുള്ള നടപടി തുടങ്ങി ലാൻഡ് ബോർഡ്

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമിയിൽ തരം മാറ്റം എന്ന് കണ്ടെത്തലിനെ തുടർന്ന് കേസെടുക്കാനുള്ള നടപടി തുടങ്ങി ലാൻഡ് ബോർഡ്. തുടർ നടപടിക്കായി സോണൽ ലാൻഡ് ബോർഡ് സംസ്ഥാന ലാൻഡ് ബോർഡ് ചെയർമാന് കത്ത് അയച്ചു.

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ തൃക്കൈപ്പറ്റ വില്ലേജിൽ പതിനൊന്നര ഏക്കർ ഭൂമിയാണ് മുസ്ലീം ലീഗ് വാങ്ങിയത്. ഇത് തോട്ടഭൂമിയാണെന്നും കാപ്പി ചെടികൾ പിഴുതു മാറ്റിയതോടെ ഭൂമിയുടെ തരം മാറ്റം നടന്നുവെന്നും കാട്ടി വില്ലേജ് ഓഫീസർ താലൂക്ക് ലാൻഡ് ബോർഡിന് വിവരം കൈമാറി. തുടർന്ന് ഭൂപരിഷ്കരണ നിയമം 105 എ വകുപ്പ് പ്രകാരം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. ഭൂ ഉടമകളിൽ നിന്ന് ഉൾപ്പെടെ മൊഴിയെടുത്തു. തോട്ടഭൂമിയാണെന്നും തരം മാറ്റൽ നടന്നത് വിൽപ്പനയ്ക്ക് ശേഷമാണ് നടന്നത് എന്നുമായിരുന്നു ഭൂ ഉടമകളിൽ ഒരാളുടെ മൊഴി. രേഖകളുടെ സൂക്ഷ്മ പരിശോധനയിലും തോട്ടഭൂമിയുടെ പരിധിയിൽ വരുന്നതാണ് സ്ഥലം എന്ന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ നീക്കം നടക്കുന്നത്.

ഇന്നലെയാണ് അനുമതി തേടി സോണൽ ലാൻഡ് ബോർഡ് സംസ്ഥാന ലാൻഡ് ബോർഡ് ചെയർമാന് കത്ത് നൽകിയത്. ഭൂ ഉടമകളും ഭൂമി വാങ്ങിയവരും കേസെടുത്താൽ പ്രതികളാകും. തോട്ട ഭൂമിയിൽ തരം മാറ്റൽ നടന്നാൽ സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിക്കുന്നതാണ് നടപടിക്രമം . നിലവിൽ വീട് നിർമ്മാണത്തിന് പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി തോട്ടം അല്ല എന്ന് മുസ്ലീം ലീഗ് നേതാക്കൾ ആവർത്തിച്ചിരുന്നു. അതേസമയം, നിയമനടപടിയിലേക്ക് നീങ്ങിയാൽ ഭവന നിർമ്മാണ പദ്ധതി വൈകുമോ എന്നാണ് ദുരന്തബാധിതർ ആശങ്കപ്പെടുന്നത്.