പാലക്കാട് ജില്ലയില്‍ ബിജെപിക്ക് സെലിബ്രിറ്റി സ്ഥാനാര്‍ഥി വേണ്ടെന്ന് പ്രവര്‍ത്തകര്‍. നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥി ആകേണ്ടെന്ന നിലപാടില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍. പാലക്കാട് നിന്നുള്ള ഒരാള്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യം. ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ അനുകൂലിച്ച് ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം പേരും.സ്ഥാനാര്‍ഥിയായി ഉണ്ണി മുകുന്ദന്‍ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രാഥമിക പരിശോധനയില്‍ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തലുമുണ്ട്. കെ സുരേന്ദ്രന്‍, പ്രശാന്ത് ശിവന്‍, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേസമയം, ശോഭ സുരേന്ദ്രന് പാലക്കാട് താല്‍പര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
അതേസമയം, പാലക്കാട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രന്‍ കാണിക്കട്ടെ. സുരേന്ദ്രന്‍ മത്സരിച്ചാല്‍ ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. തൃശൂര്‍ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.






