Headlines

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവൻ സ്വർണം കാണാതായ സംഭവത്തിൽ ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി അനുമതി. ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താനാണ് തീരുമാനം. പോലീസ് അന്വേഷണത്തിനിടെ കാണാതായ സ്വർണം ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന് മുന്നിലുള്ള വാതിലുകൾ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്നെടുത്തതിൽ 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ കാണാതായത്. ഇക്കഴിഞ്ഞ മെയ് 7 നും 10 നും ഇടയിലുള്ള ദിവസത്തിലായിരുന്നു കവർച്ച എന്നാണ് സംശയിക്കുന്നത്. ഓരോ ദിവസത്തെയും പണികൾ കഴിഞ്ഞശേഷം ബാക്കി സ്വർണം തിരികെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുകയാണ് ചെയ്തിരുന്നത്. സുരക്ഷാ ചുമതലയുള്ള പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൃത്യമായി കണക്കുകൾ സൂക്ഷിക്കാറുണ്ട്. എന്നാൽ രണ്ടുദിവസം പണിയില്ലാതെ മൂന്നാമത്തെ ദിവസം പണി തുടങ്ങാൻ ആരംഭിച്ചപ്പോഴാണ് കവർച്ചയറിയുന്നത്.
ക്ഷേത്രം മാനേജറുടെ പരാതിയിൽ ഫോർട്ട് പോലീസ് അന്വേഷണം തുടരുന്നതിനിടെ ശ്രീകോവിൽ പരിസരത്ത് മണലിൽ പോതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തി. പോലീസ് പിടിയിലാകുമെന്നറിഞ്ഞ് മോഷ്ടാവ് സ്വർ‍ണം ഉപേക്ഷിച്ചതെന്നാണ് പോലീസ് കരുതുന്നത്.
സ്വർണപ്പണിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തെങ്കിലും വിവരം ലഭിച്ചില്ല പിന്നാലെയാണ് നുണ പരിശോധനയക്ക് തീരുമാനമെടുത്ത്. പടി അസിസ്റ്റന്റ്, പടി മാനേജർ മറ്റ് രണ്ട് ജീവനക്കാർ അടക്കമുള്ളവരെയാണ് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ നുണ പരിശോധന നടത്തുക. പരിശോധനയ്ക്ക് ജീവനക്കാരുടെ അനുമതി പത്രം വാങ്ങണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.