Headlines

‘ദേവസ്വം മന്ത്രി രാജിവെക്കണം, പ്രതിഷേധം തുടരും’; നിയമസഭ ഇന്നും പ്രക്ഷുബ്ധം

ശബരിമല സ്വർ‌ണ്ണപ്പാളി വിവാ​ദത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബാനർ ഉയർത്തി സ്പീക്കറുടെ മുഖം മറച്ചാണ് പ്രതിഷേധം. കട്ടിളപ്പടി കൂടി കടത്തി എന്ന ആരോപണം വന്നിരിക്കുന്നു. ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ഇക്കാര്യത്തിൽ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

സഭയിൽ കാര്യങ്ങൾ ഉന്നയിക്കാൻ ശരിയായ രീതിയുണ്ടെന്നും നോട്ടീസ് ഉന്നയിക്കാമല്ലോയെന്നും മന്ത്രി എംബി രാജേഷ് പ്രതിപക്ഷ പ്രതിഷേധങ്ങളോട് പ്രതികരിച്ചു. ‌ശരിയായ രീതിയിൽ കാര്യങ്ങളിൽ ഭയമുണ്ടെന്നല്ലേ ഇത് വ്യക്തമാക്കുന്നതെന്ന് മന്ത്രി ചോദിച്ചു. സ്പീക്കറുടെ മുഖം മറക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. സ്പീക്കറുടെ മുഖം മറയ്ക്കുന്നത് തടയാൻ ഡയസിനു മുന്നിൽ ഒരു നിര വാച്ച് ആൻ്റ് വാർഡിനെ നിയോഗിച്ചു. ഡയസ്സിലേക്ക് പ്രതിപക്ഷ അംഗങ്ങൾ കയറാതിരിക്കാൻ വാതിലിലും വാച്ച് ആൻ്റ് വാർഡിനെ നിയോഗിച്ചു.

പ്രതിപക്ഷ അംഗങ്ങളെക്കൊണ്ട് ബഹളം വെപ്പിച്ചിട്ട് പ്രതിപക്ഷ നേതാവ് സന്തോഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചിരിച്ചു കളിച്ചിരിക്കുന്നുവെന്നും ‌‌സേവ്യർ ചിറ്റിലപ്പള്ളി വിമർശിച്ചു. നിയമസഭ തുടർച്ചയായി സ്തംഭിപ്പിക്കുന്ന പ്രതിപക്ഷത്തിന്റേത് തെറ്റായ നിലപാടാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജനാധിപത്യ അവകാശത്തെ ഏത് തരത്തിൽ തടയാൻ ശ്രമിച്ചാലും അത് തട്ടിമാറ്റി മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു.