പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ, സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം. ചിലർക്ക് സംഘടനയെ കൈപ്പിടിയിൽ വെക്കുന്നതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പ് വൈകിക്കുന്നതെന്ന് വിമർശനം. എളമരം കരീമിന് പകരം പുതിയ ഭാരവാഹിയെ തിരഞ്ഞെടുക്കാത്തത് ഇതുകൊണ്ടാണെന്നും വിമർശനം. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് പരിശീലനം വേണമെന്നും സിപിഐഎമ്മിൽ ആവശ്യം.
പാർട്ടി നിലപാട് ശക്തവും വ്യക്തവുമായി അവതരിപ്പിക്കാൻ പരിശീലനം നൽകണമെന്നും പുതിയകാലത്ത് ഇതൊക്കെ ആവശ്യമെന്നും നേതാക്കൾ. അതേസമയം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ കരട് റിപ്പോർട്ടിൻെറ ഉളളടക്കം ചോദ്യം ചെയ്ത് സംസ്ഥാന സമിതി അംഗങ്ങൾ. സംസ്ഥാന സമിതിൽ ഇന്നലെ നടന്ന ചർച്ചയിൽ കരട് റിപ്പോർട്ട് ശുഷ്കമാണെന്ന വിമർശനമാണ് ഉയർന്നത്. ബ്രാഞ്ച് തലം മുതൽ നടന്ന ചർച്ചയുടെ അന്തസത്ത റിപ്പോർട്ടിൽ പ്രതിഫലിച്ചിട്ടില്ലെന്ന് നേതാക്കൾ വിമർശിച്ചു. സംസ്ഥാന സമിതി ഇന്ന് സമാപിക്കും.
സാമ്പ്രാദായിക രീതി മാറ്റണമെന്നും ആവശ്യം. പരമ്പരാഗത രീതിയിലുള്ള പ്രശ്നപരിഹാരവും റിപ്പോർട്ടും ഇനി നടക്കില്ല. ഈ റിപ്പോർട്ടുമായി വിപുലീകരണ സംസ്ഥാന കമ്മിറ്റിയിൽ പോകാൻ കഴിയില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പി ജയരാജൻ, എം ബി രാജേഷ്, ജെ മേഴ്സിക്കുട്ടിയമ്മ എൻ എൻ കൃഷ്ണദാസ് തുടങ്ങിയ പ്രധാന നേതാക്കളാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.








