Headlines

കരട് റിപ്പോർട്ട് ശുഷ്കം: CPIM സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിന്റെ ഉളളടക്കത്തിനെതിരെ നേതാക്കൾ

തിരുവനന്തപുരം: വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ കരട് റിപ്പോർട്ടിൻെറ ഉളളടക്കം ചോദ്യം ചെയ്ത് സംസ്ഥാന സമിതി അംഗങ്ങൾ. സംസ്ഥാന സമിതിൽ ഇന്നലെ നടന്ന ചർച്ചയിൽ കരട് റിപ്പോർട്ട് ശുഷ്കമാണെന്ന വിമർശനമാണ് ഉയർന്നത്. ബ്രാഞ്ച് തലം മുതൽ നടന്ന ചർച്ചയുടെ അന്തസത്ത റിപ്പോർട്ടിൽ പ്രതിഫലിച്ചിട്ടില്ലെന്ന് നേതാക്കൾ വിമർശിച്ചു. സംസ്ഥാന സമിതി ഇന്ന് സമാപിക്കും.

സാമ്പ്രാദായിക രീതി മാറ്റണമെന്നും ആവശ്യം. പരമ്പരാഗത രീതിയിലുള്ള പ്രശ്നപരിഹാരവും റിപ്പോർട്ടും ഇനി നടക്കില്ല. ഈ റിപ്പോർട്ടുമായി വിപുലീകരണ സംസ്ഥാന കമ്മിറ്റിയിൽ പോകാൻ കഴിയില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പി ജയരാജൻ, എം ബി രാജേഷ്, ജെ മേഴ്സിക്കുട്ടിയമ്മ എൻ എൻ കൃഷ്ണദാസ് തുടങ്ങിയ പ്രധാന നേതാക്കളാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

ബ്രാഞ്ച് ശക്തിപ്പെടുത്തണം, ജനബന്ധം മെച്ചപ്പെടുത്തണം തുടങ്ങി പതിവ് കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതുകൊണ്ടൊന്നും ഇപ്പോഴത്തെ തിരിച്ചടി മറികടക്കാന്‍ ആവില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടി വേണം. അതിന് പര്യാപ്തമല്ല ഈ റിപ്പോര്‍ട്ട് എന്നാണ് എന്നാണ് എംബി രാജേഷ് ചൂണ്ടിക്കാട്ടിയത്. സമാനമായ വിമര്‍ശനം തന്നെ കണ്ണൂരില്‍ നിന്നുള്ള ടി വി രാജേഷും പാലക്കാട് നിന്നുള്ള കൃഷ്ണദാസും ഉന്നയിച്ചു.