Headlines

‘ആരോഗ്യമേഖലയെ മോശമായി ചിത്രീകരിക്കാൻ ശ്രമം, പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാർ’: മന്ത്രി വീണാ ജോർജ്

ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു. ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.

വലിയ മാറ്റം ഉണ്ടായ മേഖലയാണ് കേരളത്തിലെ ആരോഗ്യവകുപ്പ്. അത് ജനങ്ങൾ തന്നെ സംസാരിക്കും. നമ്മുടെ മുന്നിൽ വസ്തുതകൾ ഉണ്ട്.പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാർ. അദ്ദേഹം അതിന് തയ്യാറാകട്ടെ. വസ്തുതകൾ ജനങ്ങൾ അറിയണം. കേരളം കാണട്ടെ. ജനങ്ങൾ അറിയട്ടെ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാനായ തന്റെ ജീവന്‍ കിട്ടിയത് സ്വകാര്യ ആശുപത്രിയില്‍ പോയപ്പോളെന്ന മന്ത്രി സജി ചെറിയാന്റെ മറുപടിയിൽ ആരോഗ്യമന്ത്രി പ്രതികരിച്ചു. വിവാദത്തിൽ മന്ത്രി സജി ചെറിയാൻ ഇന്നലെ തന്നെ വിശദീകരണം നൽകിയതാണ്. അദ്ദേഹം തന്നെ പറഞ്ഞു 2019 ലെ കാര്യമാണ് അത് എന്നും വീണാ ജോർജ് മറുപടി നൽകി.

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാനായ തന്റെ ജീവന്‍ കിട്ടിയത് സ്വകാര്യ ആശുപത്രിയില്‍ പോയപ്പോളെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ പറഞ്ഞിരുന്നു.

2019ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ തന്നെ അമൃത ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെന്നും അവിടെ 14 ദിവസം ബോധമില്ലാത്ത അവസ്ഥയില്‍ നിന്നു ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സ്വകാര്യ ആശുപത്രിയിലെ ചികില്‍സയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.