ശബരിമലയിലെ സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് സസ്പെൻഷൻ നടപടി നേരിട്ട മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു തനിക്കെതിരായ നടപടിയിൽ പ്രതികരണവുമായി രംഗത്ത്. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക റിപ്പോർട്ടിനെത്തുടർന്ന് ഗുരുതര വീഴ്ചയുടെ പേരിൽ നടപടിയുണ്ടായ സാഹചര്യത്തിൽ താൻ രേഖപ്പെടുത്തിയ റിപ്പോർട്ടിലെ ചെമ്പ് പാളി എന്ന പ്രയോഗത്തെ അദ്ദേഹം ന്യായീകരിച്ചു.
സ്വർണപ്പാളിയുടെ അടിസ്ഥാന ലോഹം ചെമ്പായതുകൊണ്ടാണ് റിപ്പോർട്ടിൽ അങ്ങനെ രേഖപ്പെടുത്തിയതെന്നാണ് അദ്ദേഹത്തിൻ്റെ പ്രധാന വാദം. ‘ചെമ്പ് ദൃശ്യമായതിനാലാണ് അങ്ങനെ എഴുതിയത്. അന്ന് ‘സ്വർണപ്പാളി’ എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ അതിന് സമാധാനം പറയേണ്ടി വരുമായിരുന്നു,’ എന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്ര ശ്രീകോവിലുമായി ബന്ധപ്പെട്ട വിഷയമായതിനാൽ തന്ത്രിയുടെ അഭിപ്രായം തേടിയതും, ആ കത്ത് റിപ്പോർട്ടിനൊപ്പം ചേർത്തിരുന്നതും ആചാരപരമായ നടപടിക്രമം പാലിച്ചതിൻ്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥൻ എന്ന നിലയിൽ ദേവസ്വം ബോർഡിൻ്റെ നടപടി അംഗീകരിക്കുന്നുണ്ടെങ്കിലും, തന്നെ മാത്രം ലക്ഷ്യമിട്ടതിലുള്ള വിയോജിപ്പ് അദ്ദേഹം പരോക്ഷമായി അറിയിച്ചു. താൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിന് മുകളിലുള്ള ഉദ്യോഗസ്ഥരും ബോർഡും പരിശോധിക്കേണ്ടതുണ്ടായിരുന്നില്ലേ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വർണപ്പാളി കൈമാറ്റം നടന്ന സമയത്ത് താൻ ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും (2019 ജൂലൈ 16ന് സ്ഥാനം ഒഴിഞ്ഞു) മഹസറിൽ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ തൻ്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും, സത്യം തീർച്ചയായും പുറത്തുവരുമെന്നും മുരാരി ബാബു വ്യക്തമാക്കുന്നു.