കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി വിഡിയോകോളിലൂടെ സംസാരിച്ച് തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ്. സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണെന്നും എന്നും ഒപ്പമുണ്ടാകുമെന്നും കുടുംബങ്ങൾക്ക് വിജയ് ഉറപ്പ് നൽകി.
ദുരന്തമുണ്ടായി പത്താം ദിവസമാണ് മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് സംസാരിച്ചത് . ഇന്നലെ രാത്രിയോടെ ദുരന്തത്തിൽ മരിച്ച ഇരുപതിലധികംപേരുടെ കുടുംബവുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചു. പതിനഞ്ച് മിനിട്ടിലധികം ഓരോരുത്തരോടും സംസാരിച്ചതായാണ് വിവരം. തനിക്ക് വലിയ ദുഃഖമുണ്ടെന്നും, സംഭവിക്കാൻ പാടില്ലാത്തതാണുണ്ടായതെന്നും വിജയ് പറഞ്ഞു. എന്നും കുടുംബങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും വിജയ് ഉറപ്പ് നൽകി. വിഡിയോ കോളിന്റെ ദൃശ്യങ്ങൾ പകർത്തരുതെന്ന് വിജയ് ആവശ്യപ്പെട്ടതായാണ് സൂചന.
മരിച്ചവരുടെ കുടുംബാംഗങ്ങളെ പനയൂരിലെ പാർട്ടി ഓഫീസിലെത്തിച്ച് നഷ്ടപരിഹാരം നൽകാനുള്ള ശ്രമമാണ് ടിവികെ നടത്തുന്നത്. അതിനിടെ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപി നേതാവ് ഉമ ആനന്ദന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രിം കോടതി അറിയിച്ചു.