കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ഇടപെടല്‍. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്‍ഐടി വിജിലന്‍സ് വിഭാഗത്തിന്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശം.
മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന യോഗേശ്വര്‍ നാഥ്, 2024 മെയ് 6നാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. പൂനെ സ്വദേശിയായിരുന്നു. സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നേറ്റ മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. യോഗേശ്വര്‍ നാഥിന് അധ്യാപകര്‍ മാനസിക പിന്തുണ നല്‍കിയില്ലെന്നും ആരോപണം ഉയര്‍ന്നു.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എന്‍ഐടിയിലും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യുജിസി ആന്റി റാഗിങ് സെല്ലിനും ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപ്പെട്ടത്.കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
ക്യാമ്പസിലെ വിദ്യാര്‍ഥികളുടെ ആത്മഹത്യകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം. ഈ പരാതിയിലാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നടപടി.എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശം. കമ്മീഷന്റെ ഇടപെടലില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യോഗേശ്വറിന്റെ കുടുംബം.