ധർമസ്ഥലയിൽ കണ്ടെത്തിയത് തലയോട്ടിയുടെ ഭാഗവും എല്ലുകളും; പരിശോധന വ്യാപിപ്പിക്കാൻ SIT

കർണാടകയിലെ ധർമസ്ഥലയിൽ കണ്ടെത്തിയത് തലയോട്ടിയുടെ ഭാഗവും എല്ലുകളും. അൻപതിൽ കൂടുതൽ എല്ലുകൾ കണ്ടെത്തിയതായി വിവരം. അസ്ഥികൾ സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് വ്യക്തമല്ല. അസ്ഥികൾക്ക് രണ്ട്‌ വർഷത്തിന് അകത്തെ കാലപ്പഴക്കം. ഒരാളുടേത് അല്ല എന്ന് സൂചന. വനത്തിലെ നെല്ലി മരത്തിൽ നിന്ന് ഒരു സാരിയും ലഭിച്ചു. കൂടുതൽ സ്പോട്ടുകളിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ എസ്ഐടി തീരുമാനം.

സാക്ഷി മറ്റൊരു സ്ഥലം കാട്ടികൊടുത്തു. ഇന്ന് പുതിയ സ്പോട്ടിൽ പരിശോധിക്കാൻ സാധ്യത. കണ്ടെത്തിയ അസ്ഥികൾ ബയോ സേഫ് ബാഗുകളിൽ പാക്ക് ചെയ്ത് ബക്കറ്റിൽ ആക്കിയാണ് അസ്ഥികൾ പരിശോധനക്ക് കൊണ്ടുപോയത്. പുത്തൂർ റവന്യു എ സി സ്റ്റെല്ല വർഗീസിന്റെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി. മാർക്ക് ചെയ്ത പത്താം സ്പോട്ടിന് സമീപത്ത് നിന്നാണ് അസ്ഥികൾ കണ്ടെത്തിയത്. പതിനൊന്നാം സ്പോട്ടിൽ നിന്ന് നൂറ് അടി മാറി വനത്തിനുള്ളിൽ ആയിരുന്നു ഇന്ന് കുഴിച്ചു പരിശോധന. നേരത്തെ മാർക്ക് ചെയ്ത 13 സ്പോട്ടുകളിൽ പെട്ടതല്ല ഇത്.

ഇതിനിടെ പതിനഞ്ചു വർഷത്തെ ആസ്വഭാവിക മരണങ്ങളുടെ രേഖകൾ ബാൽത്തങ്ങാടി പോലീസ് നശിപ്പിച്ചതായി വിവരാവകാശരേഖ പുറത്തുവന്നു. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകളാണ് നശിപ്പിച്ചത്. എന്നാൽ പഞ്ചായത്തിൽ നിന്ന് ഈ രേഖകൾ നേരത്തെ തന്നെ പ്രത്യേക അന്വേഷണസംഘം കൈപ്പറ്റിയിരുന്നു.