മുംബൈ∙ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ സൂറത്തിനെയും ബിലിമോറയെയും ബന്ധിപ്പിക്കുന്ന ആദ്യ ഘട്ടം 2027ൽ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയുടെ ഏകദേശം 80% പണികളും ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ബാക്കി ഭാഗങ്ങൾ ഘട്ടങ്ങളായി തുറക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ബുള്ളറ്റ് ട്രെയിനിന്റെ സൂറത്ത് മുതൽ ബിലിമോറ വരെയുള്ള ആദ്യ ഘട്ടം 2027ൽ ഉദ്ഘാടനം ചെയ്യും. അതിനുശേഷം വാപി-സൂറത്ത് സെക്‌ഷനും, തുടർന്ന് വാപി-അഹമ്മദാബാദ്, അഹമ്മദാബാദ്-താനെ, അഹമ്മദാബാദ്-മുംബൈ എന്നീ ഭാഗങ്ങളും ഘട്ടങ്ങളായി പൂർത്തിയാക്കും. ജോലികൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.പ്രാദേശിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അഹമ്മദാബാദിലെ ഗതാഗത, റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളും റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു.
ബുള്ളറ്റ് ട്രെയിനുകൾ മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ തക്കവണ്ണമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇവയുടെ സർവീസ് വേഗം മണിക്കൂറിൽ 320 കിലോമീറ്റർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ, മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള 508 കിലോമീറ്റർ ദൂരത്തെ യാത്രാസമയം ഏകദേശം 1 മണിക്കൂറും 58 മിനിറ്റുമായി കുറയുംk.








