Headlines

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം; ‘ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; ആരോഗ്യമന്ത്രി രാജിവെക്കണം’; വി ഡി സതീശന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവര്‍ ഇത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മന്‍ വന്നശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖല ആകെ സ്തംഭിച്ചുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോഗ്യ മേഖലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് ഞങ്ങള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ഹാരിസ് പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു. മന്ത്രിമാര്‍ ഡോക്ടര്‍ ഹാരിസിനെ ഭീഷണിപ്പെടുത്തുകയാണ്. ആരോഗ്യമേഖലയില്‍ ഒരുപാട് അഴിമതികള്‍ നടക്കുന്നുപിആര്‍ ഏജന്‍സികള്‍ വച്ചുള്ള പ്രചാരണം മാത്രമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. പല ആശുപത്രിയിലും പഞ്ഞി പോലുമില്ല. എല്ലാവരുടെയും മുന്നില്‍ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ് – അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി കുറ്റക്കാരിയായ നില്‍ക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞു.
എല്ലാവരുടെയും മുന്നില്‍ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യ മന്ത്രി കുറ്റവാളിയായി നില്‍ക്കുകയാണ്. എന്നിട്ട് ഇതിനെയെല്ലാം ന്യായീകരിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികരായ ഡോക്ടര്‍മാരോട് ചോദിച്ചു നോക്കൂ. അവര്‍ നിങ്ങളോട് സത്യം എന്താണെന്ന് പറഞ്ഞുതരും.

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചികിത്സയ്ക്ക് പോയതിനെ ഒരു കാരണവശാലും ഞാന്‍ കുറ്റപ്പെടുത്തില്ല. ചികിത്സയ്ക്ക് പോണം. അദ്ദേഹം എല്ലാ അസുഖങ്ങളും മാറി തിരിച്ചു വരണം. ഇന്നലെ അദ്ദേഹത്തെ വിളിച്ചിരുന്നു. പോയി തിരിച്ചു വരട്ടെ എന്നു പറഞ്ഞു. അദ്ദേഹം നേരത്തെ നിശ്ചയിച്ച യാത്രയാണ് ഇപ്പോള്‍ നടത്തുന്നത്. അതില്‍ കുറ്റം പറയാനില്ല -അദ്ദേഹം പറഞ്ഞു.