‘കോട്ടയം മെഡിക്കൽ കോളേജ് അപകടം, ബിന്ദുവിന്റെ വീട് നവീകരിക്കാൻ ഉടൻ പണം അനുവദിക്കും’: മന്ത്രി ആർ ബിന്ദു

കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും. ബിന്ദുവിന്റെ വീട് നവീകരിക്കാൻ ഉടൻ പണം അനുവദിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള NSS നിര്‍മ്മാണം നടത്തുമെന്നും വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ആര്‍.ബിന്ദു കുടുംബത്തെ ഫോണില്‍ അറിയിച്ചു. മന്ത്രി ആര്‍ ബിന്ദു മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കും. മന്ത്രി വീണ ജോർജും ബിന്ദുവിന്റ വീട് സന്ദർശിക്കും. കുടുംബത്തിന്റെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും സന്ദർശനം.

അതേസമയം സംസ്ഥാനത്ത് ആരോ​ഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോ​ഗ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം.