ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 24 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 23 പെണ്‍കുട്ടികളെ കാണാതായി. ഓള്‍ ഗേള്‍സ് ക്രിസ്ത്യന്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ കുട്ടികളെയാണ് കാണാതായത്. ഇവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് ടെക്‌സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കി. കെര്‍ കൗണ്ടി പ്രദേശത്ത് വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് മിന്നല്‍ പ്രളയമുണ്ടായത്.

ഗ്വാഡലൂപ്പ് നദിയില്‍ ഇടിമിന്നലും പേമാരിയും കാരണം വെള്ളപ്പൊക്കമുണ്ടാവുകയായിരുന്നു. നദിയുടെ കരയിലാണ് ക്യാമ്പ് നടന്നിരുന്നതെന്നാണ് വിവരം. രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞു.

ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഗവണ്‍മെന്റ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തം ഭയാനകമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ടെക്‌സസ് ഗവര്‍ണറുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.