Headlines

മുനമ്പം ഐസ് പ്ലാന്റിൽ അമോണിയം ചോർച്ച: പ്രദേശവാസികൾക്ക് ശ്വാസതടസം; പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത്

 

കൊച്ചി ∙ മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിലുണ്ടായ അമോണിയം ചോർച്ചയിൽ പത്തോളം പേർക്ക് ശ്വാസതടസം. ഇന്നു രാവിലെ മുനമ്പം പള്ളിപ്പുറത്തിന് സമീപമുള്ള മിനി ഹാർബറിലെ ‘സാവിയോ ഐസ് പ്ലാന്റി’ലാണ് അമോണിയം ചോർച്ചയുണ്ടായത്. ഐസ് പ്ലാന്റിന്റെ ഭിത്തി അടർന്ന് അമോണിയം പൈപ്പിനു മുകളിലേക്ക് വീണതാണ് ചോർച്ചയ്ക്ക് കാരണമായത് എന്നാണ് വിവരം.അമോണിയം ചോർച്ചയെത്തുടർന്ന് സമീപത്തെ നാല് വീടുകളിലെ പത്തോളം പേർക്ക് കണ്ണെരിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടു. ഇവരെ മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല. പ്ലാന്റിലുണ്ടായിരുന്ന ജീവനക്കാർ പെട്ടെന്ന് തന്നെ ഓടി മാറിയതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. ഫയർഫോഴ്സും പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു. പുറത്തേക്ക് വന്ന അമോണിയം വെള്ളമൊഴിച്ച് നേർപ്പിച്ച് ചെയ്ത് വീര്യം കുറയ്ക്കാനുള്ള നടപടികളാണ് ഫയർഫോഴ്സ് ചെയ്യുന്നത്.മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഐസ് നിർമ്മിക്കുന്നതിനും ശീതീകരണ സംവിധാനങ്ങൾക്കുമാണ് സാധാരണയായി ഹാർബറുകളിൽ അമോണിയം ഉപയോഗിക്കുന്നത്. മുനമ്പം പോലെയുള്ള ഫിഷിങ് ഹാർബറുകളില്‍ ഇടക്കിടെ ഇത്തരത്തിലുള്ള അമോണിയം ചോർച്ചയുണ്ടാകാറുണ്ട്. വർഷങ്ങൾ പഴക്കമുള്ള പൈപ്പുകളുടെയും സംവിധാനങ്ങളുടെയും അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്താത്തതാണ് ചോർച്ചയ്ക്ക് പ്രധാന കാരണമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.