കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച പശ്ചാത്തലത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. അപകടം നടന്ന സ്ഥലത്തേക്ക് മാധ്യമങ്ങള്‍ പ്രവേശിക്കുന്നത് കോളജ് അധികൃതര്‍ തടഞ്ഞു. ഇന്നലെ അപകടം നടന്ന സ്ഥലത്തും പരിസരത്തും മാധ്യമങ്ങളെത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഉപയോഗശൂന്യമായ വാര്‍ഡിന്റെ ഭാഗങ്ങളാണ് തകര്‍ന്നതെന്ന് അധികൃതരും മന്ത്രിമാരും ഇന്നലെ പ്രതികരിച്ചിരുന്നെങ്കിലും ഈ വാര്‍ഡില്‍ നിരവധി അന്തേവാസികള്‍ ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തെളിയിച്ചിരുന്നു.
അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന് നഷ്ടമായ ബിന്ദുവിന്റെ സംസ്കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.