താനൂരിൽ വിജയം ഉറപ്പിച്ച് മുസ്ലീംലീഗ്. താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി പികെ നവാസ്. സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണിൽ കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിനങ്ങൾക്ക് അവസാനം കുറിക്കുന്നുവെന്ന് പികെ നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
താനൂർ ജനത ആഗ്രഹിക്കുന്ന വികസനങ്ങൾക്കുവേണ്ടി ഓരോ ദിനവും അക്ഷീണം പ്രവർത്തിക്കുമെന്ന് പികെ നവാസ് പോസ്റ്റിൽ ഉറപ്പ് നൽകി. നിങ്ങളുടെ വിശ്വാസമാണ്, നിങ്ങളുടെ സ്നേഹമാണ്, ഈ വിജയത്തിന്റെ യഥാർഥ ശക്തിയെന്ന് നവാസ് പറഞ്ഞു.
പികെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു. പുതിയ താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ നമ്മളെത്തും.
“ഇരുളിനെ ഭേദിച്ച് കടന്നുവരുന്ന വെളിച്ചത്തിന് ഒരു പ്രത്യേക തിളക്കമുണ്ട്, അത് വിജയത്തിന്റെ വെളിച്ചമാണ്, ഒരു ജനതയുടെ ഇച്ഛാശക്തിയുടെ വെളിച്ചമാണ്.” സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണിൽ കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിനങ്ങൾക്ക് നാം അവസാനം കുറിക്കുന്നു.
ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വെളിച്ചമേകാനും സമൂഹത്തിന്റെ സർവതോന്മുഖമായ വളർച്ചക്കായും എന്നും മുന്നിൽ നിൽക്കും. താനൂർ ജനത ആഗ്രഹിക്കുന്ന വികസനങ്ങൾക്കുവേണ്ടി ഓരോ ദിനവും അക്ഷീണം പ്രവർത്തിക്കും.
ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാക്കൾ, സഹപ്രവർത്തകർ. താനൂരിന്റെ മത്സര ചൂടിലേക്ക് എന്നെ നിശ്ചയിച്ചയച്ച തങ്ങളും, ലീഡർ കുഞ്ഞാലിക്കുട്ടി സാഹിബും പാർട്ടി സെക്രട്ടറി പി എം എ സലാം സാഹിബുംഉൾപ്പെടെയുള്ള നേതാക്കൾ തുടങ്ങി ഓരോ വോട്ടർക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു.
നിങ്ങളുടെ വിശ്വാസമാണ്, നിങ്ങളുടെ സ്നേഹമാണ്, ഈ വിജയത്തിന്റെ യഥാർഥ ശക്തി. തീർച്ചയായും, നല്ല താനൂരിന്റെ ദിനങ്ങൾ നമ്മൾ ആരംഭിച്ചുകഴിഞ്ഞു.






