Headlines

കാന്തപുരത്തെ ന്യായീകരിച്ച് പരാമര്‍ശം: കെ ടി ജലീല്‍ അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി

 

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരത്തിനെ ന്യായീകരിച്ച കെ ടി ജലീല്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതിയുടെ മറുപടി. ‘സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ തെറ്റില്ല എന്ന്! വിയോജിക്കുന്നവര്‍ക്ക് അതാകാമെന്നും, എന്തൊരൗദാര്യം’, എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്. കാന്തപുരത്തിന് മതപരമായ കാര്യങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്നും അതിനെ എതിര്‍ക്കാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നുമായിരുന്നുകെ ടി ജലീല്‍ പറഞ്ഞത്. മതപണ്ഡിതര്‍ മതശാസനകളുമായി ബന്ധപ്പെട്ടാണ് അഭിപ്രായങ്ങള്‍ പറയുന്നതെന്നും ആ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.

 

അതിനിടെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനുവമായി കേരള മുസ്ലീം ജമാഅത്ത് എറണാകുളം ജില്ലാ അധ്യക്ഷന്‍ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം അപക്വമെന്ന് സയ്യിദ് സി ടി ഹാഷിം തങ്ങള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി മത പണ്ഡിത വേഷമെടുക്കുന്നത് ശരിയല്ലെന്നും വിമര്‍ശനമുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണം അപക്വമാണ്. കിട്ടിയ ഉപദേശമനുസരിച്ചാകാം മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും സയ്യിദ് സി ടി ഹാഷിം തങ്ങള്‍ ആവശ്യപ്പെട്ടു.

 

കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടില്‍ ക്ലിഫ് ഹൌസിലെത്തി കാന്തപുരം എപി വിഭാഗം അതൃപ്തി അറിയിച്ചിട്ടുണ്ട്. ഖലീല്‍ ബുഖാരി തങ്ങള്‍, വണ്ടൂര്‍ അബ്ദുല്‍ റഹ്‌മാന്‍ ഫൈസി തുടങ്ങിയ നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്.

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 19-ാം നുറ്റാണ്ടില്‍ പറയുന്ന കാര്യം 21-ാം നൂറ്റാണ്ടില്‍ പറയുന്നു എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രസ്താവനയോട് കേരള സര്‍ക്കാരിനോ തങ്ങളുടെ പാര്‍ട്ടിക്കോ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. പ്രവാചകന്റെ ആദ്യ ഭാര്യ ബിസിനസുകാരിയായിരുന്നുവെന്നും മറ്റൊരു ഭാര്യയായിരുന്ന ആയിഷ യുദ്ധത്തില്‍ സര്‍വ്വസൈന്യാധിപയായി പങ്കെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ച് ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ ഓര്‍മപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.