Headlines

രോഗി തറയില്‍ കിടന്നിട്ടും തിരിഞ്ഞുനോക്കിയില്ല’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ആരോപണം; കൃത്യ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രോഗിയ്ക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെന്നും രോഗി തറയില്‍ കിടന്നിട്ടും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം

ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശി 53 വയസ്സുകാരന്‍ ശ്രീഹരി മരിച്ചത്. ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ശ്രീഹരിയെ കഴിഞ്ഞമാസം 19നാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. രോഗി തറയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആശുപത്രിയില്‍ എത്തിച്ച തൊഴിലുടമ പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ തള്ളി ആശുപത്രി അധികൃതര്‍ രംഗത്ത് വന്നു. രോഗിക്ക് കൃത്യസമയത്ത് തന്നെ ചികിത്സ നല്‍കിയിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. രോഗിയെ ആശുപത്രിയില്‍ എത്തിച്ചശേഷം കൂടെയുണ്ടായിരുന്നവര്‍ മടങ്ങിയെന്നും കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത ഗണത്തില്‍പ്പെടുത്തിയാണ് ചികിത്സ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.